കൊല്ലവർഷം 1163 , കർക്കിടക മാസം ..
തിരുവനന്തപുരത്തെ അത്രയൊന്നും അറിയ പ്പെടാത്ത കന്യാസ്ത്രീകൾ നടത്തുന്ന പ്രാഥമിക വിദ്യാലയം.. പഠിച്ച് പഠിച്ച് നാലാം ക്ലാസിൽ എത്തിയപ്പോൾ സീനിയർ ആയ ഗമ .കർക്കിടക മഴയിൽ രാവിലെ തന്നെ നനഞ്ഞൊട്ടി ക്ലാസിൽ വന്നിരുന്നപ്പോൾ 4B യുടെ ക്ലാസ് ടീച്ചറായ സിസ്റ്റർ ഫിലോമിന ആ പ്രഖ്യാപനം നടത്തി. ഓണാഘോഷങ്ങളുടെ ഭാഗമായി ഇത്തവണ ഒരു സ്കിറ്റ് ഉണ്ടാകും. ശാകുന്തളത്തെ അടിസ്ഥാനമാക്കി. ആർക്കൊക്കെ താത്പര്യമുണ്ട് അഭിനയിക്കാൻ ? ക്ലാസിൽ 15 ആൺകുട്ടികളും 25 പെൺകുട്ടികളും ഉള്ളതിൽ പകുതിയോളം പേർ കൈ പൊക്കി.
സിസ്റ്റർ എല്ലാവരെയും നോക്കിയിട്ട് വാലിട്ട് കണ്ണെഴുതി വരുന്ന നീളൻ മുടിയുള്ള സൗമ്യയെ ആദ്യം തിരഞ്ഞെടുത്തു. എന്നെ സ്ഥിരമായി ഡീബു എന്ന് വിളിക്കുന്ന അഹങ്കാരി. ആൺകുട്ടികളുടെ കൂട്ടത്തിൽ നോക്കി നടന്ന്, സുന്ദരനായ ബുദ്ധിമാനായ നകുലിനെയും പിന്നെ പല വമ്പൻമാരെയും തഴഞ്ഞ് എന്നെ തിരഞ്ഞെടുത്തു. പിന്നെയും രണ്ട് മൂന്ന് പേരെ കൂടി എടുത്തു. കൈ പൊക്കാത്ത രാമലിംഗത്തെയും തിരഞ്ഞെടുത്തു. കോൺമെന്റ് സ്കൂളിൽ അച്ചടക്കം നിർബന്ധം ആയതു കൊണ്ട് രാവിലെ ക്ലാസിൽ കയറിയാൽ ഉണ്ണാൻ ഉള്ള ബെല്ലിനേ പുറത്തിറങ്ങാൻ പറ്റൂ. പ്രായത്തിൽ കവിഞ്ഞ ഉയരവും തടിയും ഉള്ള രാമലിംഗം തൊട്ടു മുൻ ആഴ്ച ക്ലാസിൽ വച്ച് ആ നിവൃത്തികേട് കൊണ്ട് നിക്കറിൽ മൂത്രമൊഴിച്ച് ക്ലാസിൽ ഒരു താരമായതാണ്. കൂട്ടച്ചിരികൾക്കിടയിൽ കൂടി വിജയശ്രീലാളിതനായ ഞാനും എന്റെ സഹനടി നടൻമാരും തിരഞ്ഞെടുക്കപ്പെടാത്തവരെ പുച്ഛത്തോടെ നോക്കി നടൻമാരുടെ ക്യാമ്പിലേക്കു നടന്നു.
മദർ സുപ്പീരിയറുടെ ഓഫീസിനു മുൻവശമുള്ള ചെറിയ ഹാളിൽ എത്തി.
ആൻസി സിസ്റ്റർ സംവിധാനം തുടങ്ങി. ശകുന്തളയായി സൗമ്യ . ദുഷ്യന്തനായി .. ഞാൻ സൗമ്യയോട് ഒപ്പം മുന്നോട്ട് മാറി നിന്നു . അൻസി സിസ്റ്റർ പറഞ്ഞു , ദുഷ്യന്തന് കുറച്ചു കൂടി ഉയരം വേണം; 4 A ലെ ദീപകിനാണ് ആ വേഷം, നീ ദുഷ്യന്തന്റെ ഭടനാണ്. ശകുന്തളയുടെ പൊട്ടിച്ചിരി , പിന്നെ അശരീരി ; ഭടൻ മാറി നിൽക്കൂ.
അവിടെ പിന്നെ നടന്നതൊന്നും ശ്രദ്ധിച്ചില്ല. ആരോ കുന്തമാണെന്ന് പറഞ്ഞ് കാർഡ് ബോർഡ് വെട്ടിയത് കൈയിൽ വച്ച് തന്നു.
രണ്ട് ഡയലോഗ് പഠിപ്പിച്ചു; അടിയൻ ! ഉത്തരവ് ,മഹാരാജാവേ.!
പെട്ടെന്ന് കൂടെ വന്ന ബാക്കിയുള്ളവർക്ക് എന്ത് വേഷമാണ് എന്ന് ആകാംക്ഷ തുടങ്ങി. രാമലിംഗത്തെ കാണാനില്ല. ശകുന്തളയും ദുഷ്യന്തനും നർമ്മ സംഭാഷണത്തിൽ . ക്ലാസിലെ സിമി അവിടെ നിൽക്കുന്നു. ഇവളെ ഇതു വരെ ശ്രദ്ധിച്ചിട്ടില്ലല്ലോ എന്ന് ഓർത്ത് പോയി ചോദിച്ചു. തോൾ വരെ മാത്രം മുടിയുള്ള ഇരു നിറമുള്ള വാലിട്ടു കണ്ണെഴുതാത്ത ഇവൾക്കെന്താണ് വേഷം. അനസൂയ , ശകുന്തളയുടെ തോഴി .
കുന്തം പിടിച്ച് ദുഷ്യന്തനൊപ്പം നിൽക്കുമ്പോൾ തോന്നി , ഇവളാണ് പാവം, എന്നെ കളിയാക്കില്ല , മാത്രമല്ല ഭടനു പറ്റിയ കൂട്ട് തോഴി തന്നെ. അൻസി സിസ്റ്റർ , 'പ്രിയതമാ... പ്രണയ ലേഖനം എങ്ങനെയെഴുതണം..' എന്ന് ഈണത്തിൽ പാടുമ്പോൾ ഞാൻ അനസൂയയെ നോക്കി നിൽക്കുകയായിരുന്നു.
ഓണാഘോഷത്തിന്റെ രണ്ട് ദിവസം മുൻപ് മീസിൽസ് വന്ന് ഞാൻ കിടപ്പായി. എനിക്ക് പകരം കുന്തം പിടിക്കാൻ വേറെ ആളെ നിയമിച്ചു.
വർഷങ്ങൾക്ക് ശേഷം എഞ്ചിനീയറിങ്ങ് അഡ്മിഷൻ കഴിഞ്ഞ് ക്ലാസ് തുടങ്ങിയപ്പോൾ ഒരിക്കൽ ക്യാമ്പസിൽ വച്ച് ഒരു വിളി കേട്ട് നടുങ്ങി . ഡീബൂ .. പഴയ ശകുന്തള. പരിചയം പുതുക്കി..ഒടുവിൽ ചോദിച്ചു.. സിമി ഇപ്പോ എവിടെയുണ്ട്.. ശകുന്തള പഴയ പോലെ പൊട്ടിച്ചിരിച്ചിട്ട് സ്ഥലം വിട്ടു.. പറയണമെന്നുണ്ടായിരുന്നു , കാതിലോല നല്ലതാളി . ( ഇവരിൽ സുന്ദരി ആര് , നല്ലത് തോഴി എന്ന് കുഞ്ചൻ നമ്പ്യാർ ഭാഷ്യം)
Comments
Post a Comment