ഏതാണ്ട് ഒരു മുപ്പത്തഞ്ച് വർഷങ്ങൾക്കു മുൻപ് വീട്ടിൽ ഒരു പൂച്ചയെ വളർത്തിയിരുന്നു.. വെള്ളയും കറുപ്പും മഞ്ഞയും ചാരവും തുടങ്ങി പൂച്ചകൾക്കുള്ള എല്ലാ നിറവും അവിടെയിവിടെയായി ഈ പൂച്ചക്കുണ്ടായിരുന്നു.. പൂച്ചയെ വളർത്തിയിരുന്നു എന്നു പറഞ്ഞാൽ പൂച്ച വീട്ടിൽ വന്നു കയറിയതാണ് .. പേരൊന്നും ഇല്ല , ആഹാരം കൊടുക്കാറില്ല.. അമ്മയറിയാതെ ഞാനും അനിയനും എന്തെങ്കിലും കൊടുക്കുന്നതും പൂച്ച ഞങ്ങളുടെ വീട്ടിൽ കിടക്കുന്നതും മാത്രം ആണ് വളർത്തൽ . ചില്ലറ ഉപദ്രവങ്ങൾ അല്ലാതെ ഞങ്ങൾ പൂച്ചക്കായി പ്രത്യേകിച്ച് ഒന്നും ചെയ്തതായി ഓർമ്മയില്ല ..
എപ്പോഴോ പൂച്ചയെ അടുത്ത വീട്ടിലെ കിണറു കാണിച്ചതോർമ്മയുണ്ട്.. പിന്നെ ആരൊക്കെയോ ചേർന്ന് പൂച്ചയെ കിണറ്റിൽ നിന്ന് പുറത്തെത്തിച്ചു , ജീവനോടെ തന്നെ.. ഞങ്ങളുടെ ബാല്യകാലത്തെ സന്തോഷകരമായ ഓർമ്മകളിൽ ആ ജീവിക്ക് ഒരു സ്ഥാനമുണ്ട്..
അമ്മയ്ക്ക് മൃഗങ്ങളെ വളർത്തുന്നതിനോടു വലിയ താത്പര്യമില്ലായിരുന്നു. ഒരു പട്ടിയെ വളർത്താമെന്ന് പറയുമ്പോൾ രണ്ടു കുട്ടികളെ വളർത്താൻ സമയം തികയുന്നില്ല എന്ന് അമ്മ പറയും ..
3 - 4 വർഷങ്ങൾക്കു മുൻപ് ഞാനും അനിയനുമൊക്കെ കുടുംബവുമായി മാറിത്താമസിച്ച ശേഷം വീട്ടിൽ ഒരു പട്ടി വന്നു കയറി.. തെരുവ് പട്ടിയെങ്കിലും വളരെ ഇണക്കത്തോടെ നിൽക്കുന്നവൻ.. ആദ്യം അവനെ അകറ്റി നിർത്തിയെങ്കിലും ഇടയ്ക്കിടെ ചോറും കറിയും ബാക്കിയായത് കൊടുത്തു തുടങ്ങി .. പതിയെ പതിയെ അമ്മ ഗേറ്റ് തുറക്കുന്ന ശബ്ദം കേൾക്കുമ്പോൾ എവിടെയാണെങ്കിലും അവൻ ഓടി വന്നു തുടങ്ങി.. ഞങ്ങൾ വീട്ടിൽ വരുമ്പോൾ കാറിന്റെ ശബ്ദം കേട്ട് അവൻ വരും.. വീട്ടിൽ അവനു വേണ്ടി ബിസ്കറ്റും മറ്റും കരുതിത്തുടങ്ങി..
അമ്മയും അച്ഛനും നടക്കാൻ പോകുമ്പോൾ പുറകേ നടന്നു.. 3 - 4 കിലോമീറ്റർ നടന്നിട്ട് തിരിഞ്ഞ് നോക്കുമ്പോൾ അവൻ തൊട്ട് പുറകേയുണ്ടാകും. അടുത്തുള്ള അമ്പലത്തിൽ കയറിയപ്പോൾ പട്ടി കൂടെ കയറി ചെന്നു. ഒരിക്കൽ ഒരു ബന്ധു വീട്ടിൽ പോയി മണിക്കൂറുകൾ കഴിഞ്ഞ് തിരിച്ചിറങ്ങുമ്പോൾ പട്ടി പുറത്തുണ്ട്..
ഇവനെന്താ പേര് എന്ന് ചോദിച്ചാൽ ഇവനെന്തിനാ പേര് എന്നാണ് ..പ്രത്യേകിച്ച് വിളിക്കേണ്ട കാര്യമൊന്നുമില്ലല്ലോ!
ഇങ്ങനെയൊക്കെയാണെങ്കിലും കക്ഷിക്ക് വെള്ളം അലർജിയാണ് ; വെള്ളമൊഴിക്കുന്ന ഹോസോ ബക്കറ്റോ കണ്ടാൽ നമ്മുടെ ആള് പറ പറക്കും..
Comments
Post a Comment