എന്റെ ബാല്യകാല സുഹ്രുത്തുക്കളിൽ ഏറ്റവും കാലം ഒപ്പമുണ്ടായിരുന്ന ഏറ്റവും അടുപ്പമുള്ള ആ കൂട്ടുകാരനും ഞാനും താമസം അടുത്തടുത്ത വീടുകളിൽ ആയിരുന്നു. ഒരേ വിളിപ്പേര്. രണ്ടു പേരുടെയും അച്ഛനമ്മമാർ സർക്കാരുദ്യോഗസ്ഥർ. അങ്ങനെയാണ് സമാനതകൾ .
പ്രായത്തിൽ ഒരു വയസ് മൂത്തതാണെങ്കിലും ആൾക്ക് എന്നെക്കാൾ ഉയരം കുറച്ച് കുറവായിരുന്നു ; കൂടാതെ അത്യാവശ്യം ഇരുണ്ട നിറം.. അവിടെയുള്ള ചില ചേട്ടൻമാർ ഒരേ പേരുകാരായ ഞങ്ങളെ നിറം വച്ച് പേരു ചേർത്ത് വിളിച്ചിരുന്നു. ഒന്ന് രണ്ട് വട്ടം അവന്റെ അമ്മ അങ്ങനെ വിളിച്ചവരെ പിടിച്ചു നിർത്തിയും വീട്ടിൽ പോയിക്കണ്ടും ശാസിച്ചിട്ടുണ്ട്. ഇതൊക്കെയെന്തിനാണെന്ന് അക്കാലത്ത് ഞങ്ങൾ രണ്ടു പേർക്കും മനസ്സിലായിരുന്നില്ല..
ഒരു കാറിന് പോകാൻ മാത്രം വീതിയുള്ള വിശാലമായ കോൺക്രീറ്റ് ഇട്ട ഇടവഴിയിൽ ഇഷ്ടിക ചരിച്ച് നിർത്തി അതിൽ മടൽ ചാരി വച്ച് സ്‌റ്റംബ് ആക്കി ക്രിക്കറ്റ് കളിയായിരുന്നു മുഖ്യ വിനോദം. കളിക്കാൻ ഞങ്ങൾ രണ്ടുപേരെ കൂടാതെ സ്ഥിരമായി 5 - 6 പേർ കൂടിയുണ്ടാകും. (മൂന്ന് സെറ്റ് സഹോദരൻമാരും പിന്നെ ഒരു ആത്മാർത്ഥ സുഹ്രുത്തും ) . സന്തോഷ് ട്രോഫിയും ഫെഡറേഷൻ കപ്പും ഉള്ള സീസണിൽ ഞങ്ങൾ കളി ഫുട്ബോളിലേക്ക് മാറും. ഫുട്ബാൾ എന്ന് വച്ചാൽ ക്രിക്കറ്റ് കളിച്ച അതേ പന്ത് തന്നെയാണ് ഫുട്ബോൾ ആകുന്നത്. റോഡിന് അരികിൽ മലിന ജലം പോകുന്ന ഓടയുണ്ട്. എല്ലായ്പ്പോഴും പന്ത് ഓടയിൽ വീഴും വീടുകളിലേക്കുള്ള കയറുന്ന ഭാഗത്തുള്ള ഓടയിലെ കുഴലിനകത്തു പോകും. അന്നേരം മുറ്റത്തെ ഒരു മൊസാന്റ കമ്പൊടിച്ച് കുത്തി പുറത്തെടുക്കും. അത് നടന്നില്ലെങ്കിൽ ഷർട്ട് ഊരി മാറ്റിയിട്ട് , അഴുക്ക് വെള്ളം നിറഞ്ഞ ആ കുഴലുകൾക്കകത്തേക്ക് കൈയിട്ട് പന്ത് എടുക്കും. കൈ തിരിച്ചെടുക്കുമ്പോൾ പലപ്പോഴും ഉരഞ്ഞ് ചെറിയ മുറിവുണ്ടാകും , കൈയിൽ പറ്റിപ്പിടിച്ച ഓടയിലെ കറുത്ത ചെളിയിൽ ചെറിയ വെള്ള പുഴുക്കൾ നുരയുന്നുണ്ടാകും. പന്തെടുത്ത് നേരെ മുറ്റത്തെ പൈപ്പിൽ കൈ കഴുകി കളി തുടരും . ഇതൊക്കെ കളിയുടെ ഭാഗമാണ്.. ആർക്കാണ് സൗകര്യം അവർ പന്തെടുക്കും, അത്രേയുള്ളൂ അറേഞ്ച്മെന്റ്.
നാലാം ക്ലാസിന്റെ വെക്കേഷൻ സമയം, എന്നെയും കൂട്ടുകാരനെയും അടുത്തുള്ള പ്രഥമ ഹിന്ദി ക്ലാസിൽ ചേർത്തു. ഹിന്ദിയുടെ ബാല പാഠങ്ങൾ തുടങ്ങി. ഹിന്ദി ക്ലാസിൽ പഠിത്തം തുടങ്ങിയപ്പോൾ ഇതെന്തൊരു ബോറൻ ഏർപ്പാടാണെന്ന് കരുതി സമയം തള്ളിനീക്കി നീക്കി കൊണ്ടുപോയി.
അങ്ങനെയിരിക്കെ സാർ പുതിയ ഒരു കഥ പഠിപ്പിച്ചു തുടങ്ങി ; വിനോഭാ ഭാവെ ..വിനോഭാ ഭാവെ നീച് ജാതിയിൽപ്പെട്ടവരുടെ ഉന്നമനത്തിനായി പ്രവർത്തിച്ചു; ക്ലാസ്സിൽ ആരോ ചോദിച്ചു, നീച് ജാതി എന്നാലെന്താണ് ?
സാർ വിഷമിച്ചു ,ജാതി എതെന്ന് അറിയാത്ത 9 - 10 വയസ്സുകാർക്ക് അതെങ്ങനെ പറഞ്ഞു കൊടുക്കും..
പാവപ്പെട്ട ആളുകൾ ആണ് അക്കൂട്ടർ, പണ്ടൊക്കെ മറ്റുള്ളവരുടെ കക്കൂസും ഓടയും കഴുകുന്നവർ, മാലിന്യത്തിൽ ജീവിക്കേണ്ടി വന്നിരുന്നവർ, ഇക്കാലത്തും അവരിൽ പലരും മോശപ്പെട്ട സാഹചര്യത്തിലാണ് ജീവിക്കുന്നത് എന്നൊക്കെ പറഞ്ഞൊപ്പിച്ചു .
അതു കേട്ടപ്പോൾ ഞാനാദ്യമോർത്തത് കൂടെ കളിക്കാൻ വരുന്ന ഷിബുവിനെയാണ്.. അവൻ താമസിക്കുന്ന പൊട്ടിപ്പൊളിഞ്ഞ വീട്, വൃത്തിഹീനമായ ചുറ്റുപാട് , സ്ഥിരമായി ഒരേ നിക്കറും ഉടുപ്പും മാത്രം; പലപ്പോഴും കടം ചോദിച്ചു വീട്ടിൽ വന്നിരുന്ന അവന്റെ അമ്മയും അമ്മൂമ്മയും ..
അന്നേ ദിവസം ഹിന്ദി ക്ലാസ് കഴിഞ്ഞ് ഞാനും എന്റെ പ്രിയപ്പെട്ട കൂട്ടുകാരനും തിരിച്ച് വീട്ടിലേക്കു വരുമ്പോൾ അതാ മുന്നിൽ ഷിബു . ഒരു സിനിമയിൽ മോഹൻലാൽ ശ്രീനിവാസനോട് ചോദിച്ച രംഗം പോലെ "നീയാണല്ലേടാ പോൾ ബാർബർ !!"..
ഞാൻ ഷിബുവിനോട് ചോദിച്ചു "നീയാണല്ലേ നീച് ജാതി ? ഇന്ന് നിങ്ങളെക്കുറിച്ച് ഹിന്ദി സാർ പഠിപ്പിച്ചു".. അവന് ഒന്നും മനസ്സിലായില്ല , ശ്രീനിവാസൻ മോഹൻലാലിനോട് പറഞ്ഞ ഉത്തരം അവൻ എന്നോട് പറഞ്ഞുമില്ല.. സഹപാഠിയായ കൂട്ടുകാരൻ കേട്ടു ; ശേഷം ഞങ്ങൾ വൈകിട്ട് കളിക്കാമെന്ന് പറഞ്ഞ് പിരിഞ്ഞു.. അന്ന് വൈകുന്നേരം കളിക്കാൻ ഷിബുവും മറ്റുള്ളവരും വന്നു, അന്നു വരെ ഒരു ദിവസവും മുടക്കാത്ത കൂട്ടുകാരൻ മാത്രം എന്തുകൊണ്ടോ വന്നില്ല..
അടുത്ത ദിവസം രാവിലെ വീട്ടിൽ ഇരുന്നു ബാലരമ വായിക്കുമ്പോൾ അവൻ വന്നു വാതിലിൽ മുട്ടി.. വാതിൽ തുറന്നപ്പോൾ പ്രതേകിച്ച് ആമുഖമില്ലാതെ അവൻ പറഞ്ഞു "ഇന്നലെ ഷിബുവിനെ പറ്റി നീ പറഞ്ഞത് എനിക്കിഷ്ടമായില്ല .മേലിൽ അങ്ങനെ പറയരുത്". എന്താണ് കാര്യമെന്ന് മനസ്സിലാകാതെ ഞാൻ വീണ്ടും വീണ്ടും ചോദിച്ചു.. ഒടുവിൽ അവൻ പറഞ്ഞു
"ഇന്നലെ അമ്മ പറഞ്ഞു , ഷിബുവും ഞാനും ഒരേ തൂവൽ പക്ഷികളാണെന്ന് " .. അതെന്ത് പക്ഷിയെന്നാലോചിച്ചിട്ടും എന്തോ പ്രശ്നമുണ്ടെന്നല്ലാതെ കാര്യമൊന്നും പിടി കിട്ടിയില്ല..
പിന്നെയും വളരെ വർഷങ്ങളോളം ഞങ്ങൾ ഒരുമിച്ച് പഠിച്ചു ,കളിച്ച് നടന്നു , രണ്ടു കുടുംബങ്ങളും ഒന്നിച്ച് ആഘോഷങ്ങളിൽ പങ്കെടുത്തു. പത്താം വയസ്സിൽ അവൻ പറഞ്ഞതിന്റെ അർത്ഥം മനസ്സിലാക്കാൻ വീണ്ടും ഒരു പാട് വർഷങ്ങളുടെ തിരിച്ചറിവു വേണ്ടി വന്നു..
കാര്യങ്ങൾ അങ്ങനെയൊക്കെയാണെങ്കിലും അവർ ഒരേ തൂവൽ പക്ഷികളാണ് എന്ന് പറഞ്ഞതിന്റെ യുക്തി ഇന്നും എനിക്ക് മനസ്സിലായിട്ടില്ല..കാരണം അവരിലൊരാൾ തന്റെ സാഹചര്യം വച്ച് ഡോക്ടറായി , മറ്റെയാൾ അവന്റെ സാഹചര്യം വച്ച് ഓട്ടോ ഓടിക്കുന്നു..
Comments
Post a Comment