Skip to main content

*കൊറോണ കാലത്തെ ഭക്ഷണ ശീലങ്ങൾ*

കൊറോണ പ്രമാണിച്ച് സർക്കാർ പ്രഖ്യാപിച്ച സമ്പൂർണ്ണ അടച്ചു പൂട്ടൽ തുടങ്ങിയിട്ട് രണ്ടു ദിവസമേ ആയിട്ടുള്ളൂ..

അത്യാവശ്യം നല്ല രീതിയിൽ പത്രവും വാർത്തകളും വായിച്ച് വിലയിരുത്തി, പകർച്ചവ്യാധികൾ കടന്നു വരാതിരിക്കാൻ കരുതലുള്ള വീട്ടുകാർ ഒരാഴ്ച മുൻപു തന്നെ സ്വയം കരുതൽ തടങ്കലിൽ കയറിയിരുന്നു.. ഇടയ്ക്കെപ്പോഴോ ഒരിക്കൽ പലവ്യഞ്ജനവും പച്ചക്കറിയും വാങ്ങാനായി ഇറങ്ങിയതൊഴിച്ചാൽ ഒരാഴ്ചയിൽ കൂടുതലായി വീട്ടിനുള്ളിൽ തന്നെ..
ആദ്യ ദിവസങ്ങളിൽ
കാര്യം കുശാലായിരുന്നു ;
രാവിലെ 9 ന് എഴുന്നേൽക്കുമ്പോൾ ചായ , പത്ത് മണിക്ക് കാപ്പി പലഹാരമായി അപ്പവും സ്റ്റൂവും, അല്ലെങ്കിൽ പുട്ടും കടലക്കറിയും;
ഉച്ചക്ക് ഊണിന്, നിറയെ പച്ചക്കറികൾ കൊണ്ടുള്ള അവിയൽ, പയറ് തോരൻ , കായ മെഴുക്കുപുരട്ടി, ഒഴിക്കാൻ പൈനാപ്പിൾ പുളിശ്ശേരി , വറുത്ത മീൻ , മുട്ട ചിക്കി പൊരിച്ചത് ( സ്ക്രാമ്പിൾഡ്), അച്ചാർ ..
വൈകിട്ട് ചായയും ബിസ്കറ്റ് മിക്സ്ചർ .. അണ്ണാച്ചിയുടെ കടയിൽ നിന്ന് വാങ്ങിയ ചക്കയും, കായയും കൊണ്ടുള്ള ഉപ്പേരികളും ..
രാത്രി ദോശയോ അപ്പമോ അങ്ങനെയെന്തെങ്കിലും .. സെസ്സേർട്ട് ആയി സുപ്രീം ബേക്കറിയിലെ കേക്കും, അണ്ണാച്ചി കടയിലെ രണ്ട് വെറൈറ്റി എള്ളുണ്ടയും. സുഖം പരമ സുഖം..
ഊണിന്റെ കറികളുടെ എണ്ണം കുറക്കേണ്ട സാഹചര്യം അത്ര പതിയെ ഒന്നും അല്ല വന്നത്.. പച്ചക്കറികൾ തീരാറായി.. അരിയും പയറും സ്‌റ്റോക്കുണ്ട്..
കഴിഞ്ഞ ദിവസം ,അടുത്ത വീട്ടിലെ, ഓട്ടോ ഓടിക്കുന്ന മണിയൻ ചേട്ടന്റെ മകൻ വന്ന് പറമ്പിലെ കൂഴ പ്ലാവിന്റെ ഒരു ചക്ക വെട്ടിക്കോട്ടെ എന്ന് ചോദിച്ചു..എല്ലാ വർഷവും ആ കൂഴ പ്ലാവ് നിറയെ കായ്ച്ച് ഉണ്ടാകുന്ന ചക്ക പറിക്കാൻ ഇതുവരെ ആരും വന്നിട്ടില്ല.. വീട്ടുകാരായ ഞങ്ങൾ പോലും ചക്ക ഉപയോഗിച്ചിട്ടില്ല.. മുറ്റം തൂക്കുന്ന പങ്കജാക്ഷി അമ്മൂമ്മയെങ്ങാനും അവർക്ക് പറ്റുന്ന ചക്ക കുത്തി താഴെയിട്ട് , മുറിച്ച് ചക്കക്കുരു എടുത്ത് ചുരണ്ടി തന്നാൽ മെഴുക്ക് പുരട്ടിയുണ്ടാക്കും അത്ര തന്നെ .. മണിയൻ ചേട്ടന്റെ ഫ്രീക്കൻ മകൻ പ്ലാവിൽ തപ്പി പിടിച്ചു കയറി, ആ ആദ്യാലിംഗനത്തിൽ പ്ലാവിന് രോമാഞ്ചം വന്നിരിക്കണം..
അവൻ എന്തായാലും പ്ലാവിൽ കയറിയതല്ലെ എന്നു കരുതി ഒരു ചക്ക ഞങ്ങൾക്കു വേണ്ടിയും മുറിയ്ക്കാൻ പറഞ്ഞു.. അവൻ മുകളിലേക്ക് കയറി പോകും വഴി അടുത്തു നിന്ന ചെടിയുടെ കൊമ്പ് സൗകര്യത്തിന് ഒടിച്ചിട്ടിരുന്നു.. മുരിങ്ങ.. കായ്ച്ചു നിൽക്കുന്ന മുരിങ്ങ ; കഴിഞ്ഞയാഴ്ച്ച പച്ചക്കറി കടയിൽ നിന്ന് വാങ്ങിയ സാധനം.. മുരിങ്ങക്കായ നിറയെ നിൽക്കുന്നു.. അടിപൊളി .. മുരിങ്ങയിലയും കായും കിട്ടി ..
ഉച്ചക്ക് ഊണിന് കൂട്ടാനായി മുരിങ്ങയില തോരൻ , പുളിശ്ശേരി ,അച്ചാർ .. സംഗതി ജോർ.. മണിമെസ്സിന്റെ ഹൈപ്പ് ചെയ്ത ഊണിനെക്കാൾ മെച്ചം.. എന്റെ മുറ്റത്ത് നിന്ന് ഇത്രയും കിട്ടിയല്ലോ ..
അതോടെ മുറ്റത്ത് ഇനി എന്തൊക്കെയുണ്ട് എന്ന് നോക്കാമെന്ന് കരുതി..
അടുക്കളവശത്ത് നിറയെ കായ്ച്ചു നിൽക്കുന്ന രണ്ടു പപ്പായ ചെടികൾ .. പപ്പായ ഒന്നും വിളഞ്ഞിട്ടില്ല.. പക്ഷേ പണ്ട് അമ്മ ഉണ്ടാക്കി തന്നിരുന്ന ചെറിയ മധുരമുള്ള പപ്പായ തോരൻ ഓർമ്മ വന്നു ..
പറമ്പിൽ വാഴകൾ ഇഷ്ടം പോലെ, കഴിഞ്ഞ ദിവസത്തെ മഴയിൽ ഇലകളിലെ പൊടി മാറി നല്ല പച്ചപ്പ്.. കുറേക്കാലമായി വാഴപ്പഴത്തിനല്ലാതെ ഒന്നിനു വേണ്ടിയും വാഴയുപയോഗിച്ചിട്ടില്ല.. വാഴക്കൂമ്പു തോരനും, വാഴപ്പിണ്ടി അവിയലും , പുളിങ്കറിയും കഴിച്ച കാലം മറന്നു.. വാഴക്കുല പഴുക്കുന്നതിനു വയ്ക്കുമ്പോൾ ഇടയ്ക്കെല്ലാം പച്ചക്കായ മുറിച്ചെടുത്ത് നീളൻ പയറു ചേർത്തുള്ള തവ ഡ്രൈഫ്രൈ മാത്രമാണ് ഇതിലപവാദം..
പച്ച ചക്ക ഉപയോഗിച്ചുള്ള വിഭവങ്ങൾ അമ്മ വയ്ക്കുമായിരുന്നു.. ഭാര്യയെ ക്കൊണ്ട് ചക്കപ്പുഴുക്ക്, ചക്ക ത്തോരൻ , ചക്കക്കുരു മെഴുക്ക് പുരട്ടി, ചക്കക്കുരു ഫ്രൈ (ചായക്കൊപ്പം കൊറിക്കാൻ ബെസ്റ്റാ) തുടങ്ങിയ ഐറ്റംസ് ഉണ്ടാക്കിച്ചാലോ ! ഞാൻ കൂടി കൂടേണ്ടി വരും ..
മുറ്റത്ത് ഒരു നല്ല മൂവാണ്ടൻ മാവ് പൂത്ത് നിൽക്കുന്നുണ്ട് , കഴിഞ്ഞ പല വർഷങ്ങളായി ആരെങ്കിലും മൊത്തം വിലയിട്ട് പറിച്ചു കൊണ്ടു പോകാറാണ് പതിവ് , വില കഴിഞ്ഞ് കുറച്ച് ഞങ്ങൾക്കും തരും .. ഇത്തവണ പുറത്തു കൊടുക്കണോ എന്ന് ആലോചിക്കണം.. കിലോയ്ക്ക് 80 രൂപ വിലയ്ക്കാണ് 4 മാങ്ങ രണ്ടാഴ്ച മുൻപ് വാങ്ങി കഴിച്ചത്..
കൊറോണക്കാലത്തെ നിയന്ത്രണങ്ങൾ മറന്നു തുടങ്ങിയ കുറച്ച് രുചികൾക്ക് വീണ്ടും വഴിയൊരുക്കും.. വീട്ടിനു പരിസരത്ത് ഇത്രയുമൊക്കെ ഉള്ളത് ഓർമ്മിക്കാൻ ഈ കാലം സഹായിച്ചു.. ഇനി കാര്യങ്ങൾ വീണ്ടും കുശാലാകും..😊

Comments

Popular posts from this blog

മൃഗ സമ്പർക്കം

ഏതാണ്ട് ഒരു മുപ്പത്തഞ്ച് വർഷങ്ങൾക്കു മുൻപ് വീട്ടിൽ ഒരു പൂച്ചയെ വളർത്തിയിരുന്നു.. വെള്ളയും കറുപ്പും മഞ്ഞയും ചാരവും തുടങ്ങി പൂച്ചകൾക്കുള്ള എല്ലാ നിറവും അവിടെയിവിടെയായി ഈ പൂച്ചക്കുണ്ടായിരുന്നു.. പൂച്ചയെ വളർത്തിയിരുന്നു എന്നു പറഞ്ഞാൽ പൂച്ച വീട്ടിൽ വന്നു കയറിയതാണ് .. പേരൊന്നും ഇല്ല , ആഹാരം കൊടുക്കാറില്ല.. അമ്മയറിയാതെ ഞാനും അനിയനും എന്തെങ്കിലും കൊടുക്കുന്നതും പൂച്ച ഞങ്ങളുടെ വീട്ടിൽ കിടക്കുന്നതും മാത്രം ആണ് വളർത്തൽ . ചില്ലറ ഉപദ്രവങ്ങൾ അല്ലാതെ ഞങ്ങൾ പൂച്ചക്കായി പ്രത്യേകിച്ച് ഒന്നും ചെയ്തതായി ഓർമ്മയില്ല .. എപ്പോഴോ പൂച്ചയെ അടുത്ത വീട്ടിലെ കിണറു കാണിച്ചതോർമ്മയുണ്ട്.. പിന്നെ ആരൊക്കെയോ ചേർന്ന് പൂച്ചയെ കിണറ്റിൽ നിന്ന് പുറത്തെത്തിച്ചു , ജീവനോടെ തന്നെ..  ഞങ്ങളുടെ ബാല്യകാലത്തെ സന്തോഷകരമായ ഓർമ്മകളിൽ ആ ജീവിക്ക് ഒരു സ്ഥാനമുണ്ട്..  അമ്മയ്ക്ക് മൃഗങ്ങളെ വളർത്തുന്നതിനോടു വലിയ താത്പര്യമില്ലായിരുന്നു. ഒരു പട്ടിയെ വളർത്താമെന്ന് പറയുമ്പോൾ രണ്ടു കുട്ടികളെ വളർത്താൻ സമയം തികയുന്നില്ല എന്ന് അമ്മ പറയും .. 3 - 4 വർഷങ്ങൾക്കു മുൻപ് ഞാനും അനിയനുമൊക്കെ കുടുംബവുമായി മാറിത്താമസിച്ച ശേഷം വീട്ടിൽ ഒരു പട്ടി വന്നു കയറി....

കാതിലോല നല്ലതാളി

കൊല്ലവർഷം 1163 , കർക്കിടക മാസം ..  തിരുവനന്തപുരത്തെ അത്രയൊന്നും അറിയ പ്പെടാത്ത കന്യാസ്ത്രീകൾ നടത്തുന്ന പ്രാഥമിക വിദ്യാലയം.. പഠിച്ച് പഠിച്ച് നാലാം ക്ലാസിൽ എത്തിയപ്പോൾ സീനിയർ ആയ ഗമ .കർക്കിടക മഴയിൽ രാവിലെ തന്നെ നനഞ്ഞൊട്ടി ക്ലാസിൽ വന്നിരുന്നപ്പോൾ 4B യുടെ ക്ലാസ് ടീച്ചറായ സിസ്റ്റർ ഫിലോമിന ആ പ്രഖ്യാപനം നടത്തി. ഓണാഘോഷങ്ങളുടെ ഭാഗമായി ഇത്തവണ ഒരു സ്കിറ്റ് ഉണ്ടാകും. ശാകുന്തളത്തെ അടിസ്ഥാനമാക്കി. ആർക്കൊക്കെ താത്പര്യമുണ്ട് അഭിനയിക്കാൻ ? ക്ലാസിൽ 15 ആൺകുട്ടികളും 25 പെൺകുട്ടികളും ഉള്ളതിൽ പകുതിയോളം പേർ കൈ പൊക്കി. സിസ്റ്റർ എല്ലാവരെയും നോക്കിയിട്ട് വാലിട്ട് കണ്ണെഴുതി വരുന്ന നീളൻ മുടിയുള്ള സൗമ്യയെ ആദ്യം തിരഞ്ഞെടുത്തു. എന്നെ സ്ഥിരമായി ഡീബു എന്ന് വിളിക്കുന്ന അഹങ്കാരി. ആൺകുട്ടികളുടെ കൂട്ടത്തിൽ നോക്കി നടന്ന്, സുന്ദരനായ ബുദ്ധിമാനായ നകുലിനെയും പിന്നെ പല വമ്പൻമാരെയും തഴഞ്ഞ് എന്നെ തിരഞ്ഞെടുത്തു. പിന്നെയും രണ്ട് മൂന്ന് പേരെ കൂടി എടുത്തു. കൈ പൊക്കാത്ത രാമലിംഗത്തെയും തിരഞ്ഞെടുത്തു. കോൺമെന്റ് സ്കൂളിൽ അച്ചടക്കം നിർബന്ധം ആയതു കൊണ്ട് രാവിലെ ക്ലാസിൽ കയറിയാൽ ഉണ്ണാൻ ഉള്ള ബെല്ലിനേ പുറത്തിറങ്ങാൻ പറ്റൂ. പ്രായത്തിൽ കവിഞ്ഞ ഉയ...