മന്നത്ത് പത്മനാഭൻ എന്ന വ്യക്തിയുടെ പ്രാധാന്യം അദ്ദേഹം മുന്നിൽ നിന്ന് നയിച്ച സാമൂഹിക നവോത്ഥാനങ്ങൾ നാടിന് പ്രത്യേകിച്ച് നായർ സമുദായംഗങ്ങൾക്ക് അന്ന് (60 -70 കളിൽ) ഉണ്ടായ കാലാനുസൃതമായ മാറ്റങ്ങൾ തെളിയിക്കുന്നുണ്ട്.
നിർഭാഗ്യവശാൽ മന്നം നൽകിയ ദിശാബോധം ,പലവിധ മതരാഷ്ട്രീയ പ്രേരണകളാലും കൈമോശം വന്ന് തുടങ്ങി. കഴിഞ്ഞ 2 ദശകങ്ങളായി വിദ്യാസമ്പന്നരായ പൗരൻമാർ പിന്തിരിപ്പൻ ആചാരങ്ങളിലും വിശ്വാസങ്ങളിലേക്കും തിരിച്ചു പോകുന്നുണ്ട് എന്ന് വിലയിരുത്താനുള്ള സാഹചര്യമാണ് ഇപ്പോഴുള്ളത്.
കാലാകാലങ്ങളായി ഒരു ശരാശരി നായർക്ക് ഉണ്ടാകാൻ സാധ്യതയുള്ള സവിശേഷതകൾ എന്തെന്നാൽ താൻ ജൻമം കൊണ്ട് ഉന്നതകുലജാതനാണ്, ചുറ്റും കാണുന്ന മനുഷ്യരിൽ തന്റെ കൂട്ടരെ കണ്ടുപിടിച്ചെടുക്കാനും സംവദിക്കാനുമുള്ള നിരന്തരമായ ആഗ്രഹം , അതിപ്പോ എവിടെ ഏത് നിലയിലായിലും . ഇപ്പോൾ കുറച്ച് ക്ഷയിച്ചെങ്കിലും വലിയ പാരമ്പര്യമുള്ള തറവാടാണ് എന്റേത് എന്നൊരു പ്രഖ്യാപനം മിക്കവാറും ഉണ്ടാകും. ചട്ടമ്പി സ്വാമിയേയും മന്നത്ത് പത്മനാഭനെയും കേളപ്പനെയും പോലുള്ള സാമൂഹിക പരിഷ്കർത്താക്കൾ ജാതിയുടെ ആചാരങ്ങൾ ഉപേക്ഷിച്ച് നവോത്ഥാനം തുടങ്ങി വച്ചുവെങ്കിലും, ഇന്നും പ്രഖ്യാപിത യുക്തിബോധത്തിലും , പുരോഗമനവാദത്തിലും നിലനിൽക്കുന്നവർക്കു പോലും ഒരു ഉന്നതകുലജാതനാണെന്ന ഉൾവിളി കേൾക്കാതിരിക്കാൻ ആകാറില്ല ! ചെവിയിൽ പൂടയുള്ള തറവാടിയായ നായർ എന്ന സങ്കൽപം കൗതുകത്തിന് പകരം ചിലർക്കെങ്കിലും അഭിമാനമുണ്ടാക്കുന്നതങ്ങനെയാണ് !
അടുത്ത കാലത്തുണ്ടായ ഒരു അനുഭവം സൂചിപ്പിക്കുന്നു:
പണ്ട് പഠിച്ച കലാലയ സുഹ്രുത്തുക്കളുടെ ഒത്തുകൂടൽ ആണ്. കൂടെ പഠിച്ച സുഹ്രുത്തുക്കളുടെ കുടുംബ സാഹചര്യങ്ങൾ അറിയാമായിരുന്നുവെങ്കിലും പഠിച്ചിരുന്ന കാലത്ത് മിക്കവാറും എല്ലാവർക്കും പേരിനൊപ്പം വീട്ടുപേരോ അച്ഛന്റെ പേരോ സൂചിപ്പിക്കുന്ന ഇനിഷ്യൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ; ( പേരുകളിട്ട മാതാപിതാക്കൾ ,70 കളിലും 80 കളിലും യുവാക്കളായിരുന്ന ആ തലമുറ, അതിനു ശേഷം വന്നവരേക്കാൾ സാമൂഹിക ബോധമുള്ളവരായിരുന്നു എന്ന് വ്യക്തം.) പക്ഷേ വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടുമ്പോൾ ജാതിയും ഉപജാതിയും പേരിനൊപ്പം ചേർന്ന പരുവത്തിൽ നായരും,മേനോനും , കുറുപ്പും, നമ്പ്യാരും , പണിയ്ക്കരും , ഉണ്ണിത്താനും, തമ്പിയും തുടങ്ങിയ വാലുകൾ ; അതൊന്നും വയ്ക്കാത്തവരുടെ പാരമ്പര്യം ചോദ്യം ചെയ്യപ്പെടാവുന്ന സന്ദർഭം !
നായന്മാർക്ക് തികഞ്ഞ ഭൂരിപക്ഷമുള്ള ഒരു ഒത്തുചേരലിൽ മാറിയ രാഷ്ട്രീയ സാഹചര്യം ചർച്ച ചെയ്യപ്പെടുന്നത് കൃസ്ത്യാനിക്കും, മുസ്ലീമിനും , ഇതര ജാതിക്കാർക്കും അലോസരമുണ്ടാക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു ;
ഹിന്ദു രാജ്യമുണ്ടാകേണ്ട ആവശ്യം ചർച്ച ചെയ്തപ്പോൾ ഒറ്റപ്പെട്ടു പോയ കൃസ്ത്യാനിയും മുസ്ലീം മതവിശ്വാസിയും കുറേശ്ശേ നിശബ്ദരായി ചർച്ചകളിൽ നിന്ന് പിൻവലിയുമ്പോഴും മറ്റുള്ളവർ ചർച്ചകൾ തുടർന്നു..
ജാതി പാരമ്പര്യത്തിലെ മേൽക്കായ്മ രാഷ്ട്രീയ ചർച്ചയുമായി ചേർന്നപ്പോൾ പതിയെ നായരിതര ഹിന്ദു മത വിശ്വാസികളായ സുഹ്രുത്തുക്കളും കുറേശ്ശെ പിൻവലിഞ്ഞു..
ഒടുവിൽ ഒത്തുകൂടലിലെ ചർച്ചക്ക് നായന്മാർ മാത്രം അവശേഷിച്ചു.. രാഷ്ട്രീയ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും ഒരേ നിലവാരത്തിലുള്ള പാരമ്പര്യത്തിന്റെ ഭാഗമാണ് എന്ന തോന്നലിൽ പരസ്യ വിയോജിപ്പിലും മനസ്സു കൊണ്ട് യോജിച്ചു ചർച്ച തുടർന്നു..
ഇതിനിടയിൽ ഒരു സുഹ്രുത്ത് , കേരള സാമൂഹിക ചരിത്രത്തിലെ മേനോൻമാരുടെ പങ്കിനെ കുറിച്ച് വാചാലനായി .. മറ്റ് നായർ സമുദായക്കാരെക്കാളൊക്കെ കൂടുതൽ മേനോൻമാർ എങ്ങനെ ഉയർന്ന നിലയിലുള്ളവരാണ് എന്ന ചർച്ചയിലേക്ക് നീണ്ടപ്പോൾ , മുൻപ് പിൻവലിഞ്ഞ കൃസ്ത്യാനിക്കും, മുസ്ലീമിനും, ഈഴവനും, പുലയനും ഒപ്പം സ്ഥാനപ്പേരില്ലാത്ത നായരും എത്തിച്ചേർന്നു !!
ചർച്ച പുരോഗമിച്ചു കൊണ്ടേയിരുന്നു മലബാറിലെ മേനോനും, നമ്പ്യാരും കൊച്ചിയിലെ (തെക്കൻ ) മേനോനും തമ്മിൽ ..
തനി തെക്കൻമാർ (എറണാകുളം ജില്ലക്ക് തെക്കുള്ള തിരുവിതാംകൂർ പ്രദേശവാസികൾ) വിശ്വാസിക്കാൻ കൊള്ളാത്തവരാണ് എന്ന വടക്കൻ കേരളത്തിൽ മാത്രം കണ്ടു വരുന്ന ഒരു പ്രത്യേക തരം വിശുദ്ധർ പറഞ്ഞു വച്ചിരുന്നതു കൊണ്ട് നേരത്തെ തന്നെ തെക്കൻമാരുടെ ശല്യമില്ലായിരുന്നു. എന്തു പറഞ്ഞാലും പാരമ്പര്യ മേന്മയിൽ ഒരു ഒത്തുതീർപ്പിനും തയ്യാറാകാതെ നിന്നിരുന്ന ഓടനാട്ടുകാരൻ ഉണ്ടായിരുന്നെങ്കിൽ തെക്കൻമാർക്ക് പിടിച്ചു നിൽക്കാമായിരുന്നു എന്ന് തോന്നിപ്പോയി. നായന്മാർ ഒരുമിച്ച് നിന്ന് ഇതര ജാതികളോടും മതങ്ങളേയും എതിർക്കേണ്ട കാര്യത്തിൽ സ്കൂൾ പഠനകാലത്ത് തന്നെ വ്യക്തമായ ലക്ഷ്യമുണ്ടായിരുന്ന ആളാണ്.പണ്ടെങ്ങോ ഏതോ തമ്പുരാന് പുളിശ്ശേരി ഉണ്ടാക്കി കഴിപ്പിച്ച് ഉണ്ണിത്താൻ സ്ഥാനം നേടിയെടുത്ത കാരവണവരുടെ പാരമ്പര്യം വേറെയാർക്കുമില്ല എന്നവൻ പറയുമായിരുന്നു.
കോട്ടയത്തെ സ്ത്രീകളെ പറ്റിയുള്ള തങ്ങളുടെ തോന്നലുകൾ ചില ഏറനാടൻ തറവാട്ടുകാർ നടത്തിയത് കൊണ്ട് , കോട്ടയത്ത് വേരുള്ളവർ അതിന്റെ നീരസത്തിൽ തുടക്കത്തിൽ തന്നെ ചർച്ചയിൽ നിന്ന് ഒഴിഞ്ഞു നിന്നിരുന്നു.
ഒരു പക്ഷേ അടുത്ത ചർച്ച സ്ഥാനപ്പേരുകാരിലെ വള്ളുവനാടനാണോ , ഏറനാടനാണോ കോഴിക്കോടനാണോ , കോലത്തുനാടനാണോ ഉന്നതൻ എന്നായിരുന്നിരിക്കണം! ആരാണ് വിജയി എന്നത് അടുത്ത ഒത്തുചേരലിന് കാണുമ്പോൾ ചോദിക്കണം.
*പിന്നാമ്പുറം*: കേരളത്തിലെ നായർ ജാതിയിലെ ഉപജാതികളായ പിള്ള ,മേനോൻ , തമ്പി , കൈമൾ , കുറുപ്പ്, പൊതുവാൾ, ഉണ്ണിത്താൻ, കർത്ത , നമ്പ്യാർ എന്നിങ്ങനെയെല്ലാ പേരുകളും പഴയ ഒരു കാലഘട്ടത്തിൽ അന്നത്തെ അധികാരം കയ്യാളിയിരുന്നവർക്ക് അടിമ പ്പണി ചെയ്തതിന് കിട്ടിയ പ്രത്യുപകാരങ്ങളായ സ്ഥാനപ്പേരുകളാണ് ; അതിനെക്കെ ചരിത്ര രേഖകളും ഉണ്ട് .
മലബാറിലെ നാടുവാഴി പ്രമാണിമാരുടെ മേനാവ് (പല്ലക്ക് ) ചുമന്ന് മേനാവൻ ആയ കാരണവർ ഉണ്ടാക്കിയ മേനോൻ സ്ഥാനവും, തിരുവിതാംകൂർരാജകുടുംബത്തിന്റെ ആവശ്യങ്ങൾ നടത്തിക്കൊടുത്ത് കാരണവത്തി നേടിക്കൊടുത്ത തമ്പി / തങ്കച്ചി സ്ഥാനവും ഒക്കെ ഇന്ന് അഭിമാനകരമായ ജാതി പേരുകൾ ആയതിൽ അതിശയമൊന്നുമില്ല, ജാതി വാൽ അതൊക്കെ തന്നെയാണ് !!
Comments
Post a Comment