Skip to main content

ഒരേ തൂവൽ പക്ഷികൾ

എന്റെ ബാല്യകാല സുഹ്രുത്തുക്കളിൽ ഏറ്റവും കാലം ഒപ്പമുണ്ടായിരുന്ന ഏറ്റവും അടുപ്പമുള്ള ആ കൂട്ടുകാരനും ഞാനും താമസം അടുത്തടുത്ത വീടുകളിൽ ആയിരുന്നു. ഒരേ വിളിപ്പേര്. രണ്ടു പേരുടെയും അച്ഛനമ്മമാർ സർക്കാരുദ്യോഗസ്ഥർ. അങ്ങനെയാണ് സമാനതകൾ .

പ്രായത്തിൽ ഒരു വയസ് മൂത്തതാണെങ്കിലും ആൾക്ക് എന്നെക്കാൾ ഉയരം കുറച്ച് കുറവായിരുന്നു ; കൂടാതെ അത്യാവശ്യം ഇരുണ്ട നിറം.. അവിടെയുള്ള ചില ചേട്ടൻമാർ ഒരേ പേരുകാരായ ഞങ്ങളെ നിറം വച്ച് പേരു ചേർത്ത് വിളിച്ചിരുന്നു. ഒന്ന് രണ്ട് വട്ടം അവന്റെ അമ്മ അങ്ങനെ വിളിച്ചവരെ പിടിച്ചു നിർത്തിയും വീട്ടിൽ പോയിക്കണ്ടും ശാസിച്ചിട്ടുണ്ട്. ഇതൊക്കെയെന്തിനാണെന്ന് അക്കാലത്ത് ഞങ്ങൾ രണ്ടു പേർക്കും മനസ്സിലായിരുന്നില്ല..
ഒരു കാറിന് പോകാൻ മാത്രം വീതിയുള്ള വിശാലമായ കോൺക്രീറ്റ് ഇട്ട ഇടവഴിയിൽ ഇഷ്ടിക ചരിച്ച് നിർത്തി അതിൽ മടൽ ചാരി വച്ച് സ്‌റ്റംബ് ആക്കി ക്രിക്കറ്റ് കളിയായിരുന്നു മുഖ്യ വിനോദം. കളിക്കാൻ ഞങ്ങൾ രണ്ടുപേരെ കൂടാതെ സ്ഥിരമായി 5 - 6 പേർ കൂടിയുണ്ടാകും. (മൂന്ന് സെറ്റ് സഹോദരൻമാരും പിന്നെ ഒരു ആത്മാർത്ഥ സുഹ്രുത്തും ) . സന്തോഷ് ട്രോഫിയും ഫെഡറേഷൻ കപ്പും ഉള്ള സീസണിൽ ഞങ്ങൾ കളി ഫുട്ബോളിലേക്ക് മാറും. ഫുട്ബാൾ എന്ന് വച്ചാൽ ക്രിക്കറ്റ് കളിച്ച അതേ പന്ത് തന്നെയാണ് ഫുട്ബോൾ ആകുന്നത്. റോഡിന് അരികിൽ മലിന ജലം പോകുന്ന ഓടയുണ്ട്. എല്ലായ്പ്പോഴും പന്ത് ഓടയിൽ വീഴും വീടുകളിലേക്കുള്ള കയറുന്ന ഭാഗത്തുള്ള ഓടയിലെ കുഴലിനകത്തു പോകും. അന്നേരം മുറ്റത്തെ ഒരു മൊസാന്റ കമ്പൊടിച്ച് കുത്തി പുറത്തെടുക്കും. അത് നടന്നില്ലെങ്കിൽ ഷർട്ട് ഊരി മാറ്റിയിട്ട് , അഴുക്ക് വെള്ളം നിറഞ്ഞ ആ കുഴലുകൾക്കകത്തേക്ക് കൈയിട്ട് പന്ത് എടുക്കും. കൈ തിരിച്ചെടുക്കുമ്പോൾ പലപ്പോഴും ഉരഞ്ഞ് ചെറിയ മുറിവുണ്ടാകും , കൈയിൽ പറ്റിപ്പിടിച്ച ഓടയിലെ കറുത്ത ചെളിയിൽ ചെറിയ വെള്ള പുഴുക്കൾ നുരയുന്നുണ്ടാകും. പന്തെടുത്ത് നേരെ മുറ്റത്തെ പൈപ്പിൽ കൈ കഴുകി കളി തുടരും . ഇതൊക്കെ കളിയുടെ ഭാഗമാണ്.. ആർക്കാണ് സൗകര്യം അവർ പന്തെടുക്കും, അത്രേയുള്ളൂ അറേഞ്ച്മെന്റ്.
നാലാം ക്ലാസിന്റെ വെക്കേഷൻ സമയം, എന്നെയും കൂട്ടുകാരനെയും അടുത്തുള്ള പ്രഥമ ഹിന്ദി ക്ലാസിൽ ചേർത്തു. ഹിന്ദിയുടെ ബാല പാഠങ്ങൾ തുടങ്ങി. ഹിന്ദി ക്ലാസിൽ പഠിത്തം തുടങ്ങിയപ്പോൾ ഇതെന്തൊരു ബോറൻ ഏർപ്പാടാണെന്ന് കരുതി സമയം തള്ളിനീക്കി നീക്കി കൊണ്ടുപോയി.
അങ്ങനെയിരിക്കെ സാർ പുതിയ ഒരു കഥ പഠിപ്പിച്ചു തുടങ്ങി ; വിനോഭാ ഭാവെ ..വിനോഭാ ഭാവെ നീച് ജാതിയിൽപ്പെട്ടവരുടെ ഉന്നമനത്തിനായി പ്രവർത്തിച്ചു; ക്ലാസ്സിൽ ആരോ ചോദിച്ചു, നീച് ജാതി എന്നാലെന്താണ് ?
സാർ വിഷമിച്ചു ,ജാതി എതെന്ന് അറിയാത്ത 9 - 10 വയസ്സുകാർക്ക് അതെങ്ങനെ പറഞ്ഞു കൊടുക്കും..
പാവപ്പെട്ട ആളുകൾ ആണ് അക്കൂട്ടർ, പണ്ടൊക്കെ മറ്റുള്ളവരുടെ കക്കൂസും ഓടയും കഴുകുന്നവർ, മാലിന്യത്തിൽ ജീവിക്കേണ്ടി വന്നിരുന്നവർ, ഇക്കാലത്തും അവരിൽ പലരും മോശപ്പെട്ട സാഹചര്യത്തിലാണ് ജീവിക്കുന്നത് എന്നൊക്കെ പറഞ്ഞൊപ്പിച്ചു .
അതു കേട്ടപ്പോൾ ഞാനാദ്യമോർത്തത് കൂടെ കളിക്കാൻ വരുന്ന ഷിബുവിനെയാണ്.. അവൻ താമസിക്കുന്ന പൊട്ടിപ്പൊളിഞ്ഞ വീട്, വൃത്തിഹീനമായ ചുറ്റുപാട് , സ്ഥിരമായി ഒരേ നിക്കറും ഉടുപ്പും മാത്രം; പലപ്പോഴും കടം ചോദിച്ചു വീട്ടിൽ വന്നിരുന്ന അവന്റെ അമ്മയും അമ്മൂമ്മയും ..
അന്നേ ദിവസം ഹിന്ദി ക്ലാസ് കഴിഞ്ഞ് ഞാനും എന്റെ പ്രിയപ്പെട്ട കൂട്ടുകാരനും തിരിച്ച് വീട്ടിലേക്കു വരുമ്പോൾ അതാ മുന്നിൽ ഷിബു . ഒരു സിനിമയിൽ മോഹൻലാൽ ശ്രീനിവാസനോട് ചോദിച്ച രംഗം പോലെ "നീയാണല്ലേടാ പോൾ ബാർബർ !!"..
ഞാൻ ഷിബുവിനോട് ചോദിച്ചു "നീയാണല്ലേ നീച് ജാതി ? ഇന്ന് നിങ്ങളെക്കുറിച്ച് ഹിന്ദി സാർ പഠിപ്പിച്ചു".. അവന് ഒന്നും മനസ്സിലായില്ല , ശ്രീനിവാസൻ മോഹൻലാലിനോട് പറഞ്ഞ ഉത്തരം അവൻ എന്നോട് പറഞ്ഞുമില്ല.. സഹപാഠിയായ കൂട്ടുകാരൻ കേട്ടു ; ശേഷം ഞങ്ങൾ വൈകിട്ട് കളിക്കാമെന്ന് പറഞ്ഞ് പിരിഞ്ഞു.. അന്ന് വൈകുന്നേരം കളിക്കാൻ ഷിബുവും മറ്റുള്ളവരും വന്നു, അന്നു വരെ ഒരു ദിവസവും മുടക്കാത്ത കൂട്ടുകാരൻ മാത്രം എന്തുകൊണ്ടോ വന്നില്ല..
അടുത്ത ദിവസം രാവിലെ വീട്ടിൽ ഇരുന്നു ബാലരമ വായിക്കുമ്പോൾ അവൻ വന്നു വാതിലിൽ മുട്ടി.. വാതിൽ തുറന്നപ്പോൾ പ്രതേകിച്ച് ആമുഖമില്ലാതെ അവൻ പറഞ്ഞു "ഇന്നലെ ഷിബുവിനെ പറ്റി നീ പറഞ്ഞത് എനിക്കിഷ്ടമായില്ല .മേലിൽ അങ്ങനെ പറയരുത്". എന്താണ് കാര്യമെന്ന് മനസ്സിലാകാതെ ഞാൻ വീണ്ടും വീണ്ടും ചോദിച്ചു.. ഒടുവിൽ അവൻ പറഞ്ഞു
"ഇന്നലെ അമ്മ പറഞ്ഞു , ഷിബുവും ഞാനും ഒരേ തൂവൽ പക്ഷികളാണെന്ന് " .. അതെന്ത് പക്ഷിയെന്നാലോചിച്ചിട്ടും എന്തോ പ്രശ്നമുണ്ടെന്നല്ലാതെ കാര്യമൊന്നും പിടി കിട്ടിയില്ല..
പിന്നെയും വളരെ വർഷങ്ങളോളം ഞങ്ങൾ ഒരുമിച്ച് പഠിച്ചു ,കളിച്ച് നടന്നു , രണ്ടു കുടുംബങ്ങളും ഒന്നിച്ച് ആഘോഷങ്ങളിൽ പങ്കെടുത്തു. പത്താം വയസ്സിൽ അവൻ പറഞ്ഞതിന്റെ അർത്ഥം മനസ്സിലാക്കാൻ വീണ്ടും ഒരു പാട് വർഷങ്ങളുടെ തിരിച്ചറിവു വേണ്ടി വന്നു..
കാര്യങ്ങൾ അങ്ങനെയൊക്കെയാണെങ്കിലും അവർ ഒരേ തൂവൽ പക്ഷികളാണ് എന്ന് പറഞ്ഞതിന്റെ യുക്തി ഇന്നും എനിക്ക് മനസ്സിലായിട്ടില്ല..കാരണം അവരിലൊരാൾ തന്റെ സാഹചര്യം വച്ച് ഡോക്ടറായി , മറ്റെയാൾ അവന്റെ സാഹചര്യം വച്ച് ഓട്ടോ ഓടിക്കുന്നു..

Comments

Popular posts from this blog

2018ലെ പ്രളയം

written in 2019 2018ലെ പ്രളയം ഒരു ഒന്ന് ഒന്നര പ്രളയം ആയിരുന്നുവല്ലോ.. പുഴയായ പുഴയും തോടായ തോടുമെല്ലാം കരകവിഞ്ഞ് പോയ വഴിയിലെ മുഴുവൻ ആവാസ വ്യവസ്ഥയേയും നശിപ്പിച്ച് കളഞ്ഞ ആ മനോഹര ദിവസങ്ങൾ .. ഉടുതുണിക്ക് മറുതുണിയില്ലാതെ എല്ലാം നഷ്ടപ്പെട്ട മനുഷ്യർ പോകാനിടമില്ലാതെ, ഭക്ഷണത്തിനിടമില്ലാതെ ദൈവങ്ങളെ നിന്ദിച്ചുവല്ലോ.. ലംഘിക്കാൻ പാടില്ലാത്ത ആചാരങ്ങൾ കാറ്റിൽ പറത്തി ബ്രാഹ്മണർ മുസ്ലീം മിന്റെ ഭക്ഷണം വാങ്ങിക്കഴിച്ചു.. നായര് പുലയന്റെ ഉടുപ്പ് വാങ്ങിയുടുത്തു.. ക്രിസ്ത്യാനി ഞായറാഴ്ച്ച പളളിയിൽ പോയില്ല , മുസ്ലീം വെറും കാഫിറുകളുടെ കൂടെ കൂടി നിസ്കരിക്കാൻ മറന്നു.. ദൈവകോപം ഉണ്ടായി.. രക്ഷപെടാൻ ഇനി ഒരു വഴിയേ ഉള്ളൂ അടുത്ത തവണ മലകളിലെ കുരിശിനും, പതിനെട്ടു പടിക്കും താഴികക്കുടങ്ങളുമെല്ലാത്തിനും മീതെ പ്രളയം വരട്ടെ.. നമുക്കും ദൈവങ്ങൾക്കും ഒരുമിച്ച് അറബിക്കടലിൽ കാണാം , അല്ലെങ്കിൽ വേണ്ട.. അറബിക്കടലിന് മതമുണ്ടല്ലോ.. നമുക്ക് ദേശസ്നേഹം നിറഞ്ഞ ഇന്ത്യാ മഹാസമുദ്രത്തിൽ ഒത്തുകൂടാം.. അവിടെ നമുക്ക് ആചാരങ്ങൾ ലംഘിക്കുന്നവരെ നേരിടാം!

മൃഗ സമ്പർക്കം

ഏതാണ്ട് ഒരു മുപ്പത്തഞ്ച് വർഷങ്ങൾക്കു മുൻപ് വീട്ടിൽ ഒരു പൂച്ചയെ വളർത്തിയിരുന്നു.. വെള്ളയും കറുപ്പും മഞ്ഞയും ചാരവും തുടങ്ങി പൂച്ചകൾക്കുള്ള എല്ലാ നിറവും അവിടെയിവിടെയായി ഈ പൂച്ചക്കുണ്ടായിരുന്നു.. പൂച്ചയെ വളർത്തിയിരുന്നു എന്നു പറഞ്ഞാൽ പൂച്ച വീട്ടിൽ വന്നു കയറിയതാണ് .. പേരൊന്നും ഇല്ല , ആഹാരം കൊടുക്കാറില്ല.. അമ്മയറിയാതെ ഞാനും അനിയനും എന്തെങ്കിലും കൊടുക്കുന്നതും പൂച്ച ഞങ്ങളുടെ വീട്ടിൽ കിടക്കുന്നതും മാത്രം ആണ് വളർത്തൽ . ചില്ലറ ഉപദ്രവങ്ങൾ അല്ലാതെ ഞങ്ങൾ പൂച്ചക്കായി പ്രത്യേകിച്ച് ഒന്നും ചെയ്തതായി ഓർമ്മയില്ല .. എപ്പോഴോ പൂച്ചയെ അടുത്ത വീട്ടിലെ കിണറു കാണിച്ചതോർമ്മയുണ്ട്.. പിന്നെ ആരൊക്കെയോ ചേർന്ന് പൂച്ചയെ കിണറ്റിൽ നിന്ന് പുറത്തെത്തിച്ചു , ജീവനോടെ തന്നെ..  ഞങ്ങളുടെ ബാല്യകാലത്തെ സന്തോഷകരമായ ഓർമ്മകളിൽ ആ ജീവിക്ക് ഒരു സ്ഥാനമുണ്ട്..  അമ്മയ്ക്ക് മൃഗങ്ങളെ വളർത്തുന്നതിനോടു വലിയ താത്പര്യമില്ലായിരുന്നു. ഒരു പട്ടിയെ വളർത്താമെന്ന് പറയുമ്പോൾ രണ്ടു കുട്ടികളെ വളർത്താൻ സമയം തികയുന്നില്ല എന്ന് അമ്മ പറയും .. 3 - 4 വർഷങ്ങൾക്കു മുൻപ് ഞാനും അനിയനുമൊക്കെ കുടുംബവുമായി മാറിത്താമസിച്ച ശേഷം വീട്ടിൽ ഒരു പട്ടി വന്നു കയറി....

Spiritual Kerala - A rebel version

Living here for 29 years and working for over 6 years, I have lately realized that the life here is getting different, tougher,insecure for several reasons some within our control and more outside our control..same is happening in all parts of Kerala, as informed by some of my friends living across the state. Though we are at the best of freedom ,it seems like we are falling into the arms of slavery by Spirituality and also cultivating within us some seeds of arrogance bred by political affiliation. As this reality is said aloud the family, friends, relatives ,anyone known first crosses their lips,then urges us to cross ours..whole society crosses their lips..if still any one speaks out then following questions erupt.. Are you against Spirituality? Dont you believe in GOD? Are you not a part of a religion? Dont you go to temples? Dont you like festivals? Dont you like celebration? Dont you have a sense of social unity? Dont you have political affiliation? Are you against dem...